victoriaമെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ഏറ്റവും പഴക്കം ചെന്ന മലയാളി അസോസിയേഷനുകളില്‍ ഒന്നായ മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയ (എംഎവി) നാല്‍പ്പതാം വാര്‍ഷികവും 2016 ഓണാഘോഷവും സെപ്തംബര്‍ മൂന്ന് ശനിയാഴ്ച സ്പ്രിങ് വെയില്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ നടക്കും.

1976 ഏപ്രില്‍ മാസത്തില്‍ മെല്‍ബണിലെ റോയല്‍ പാര്‍ക്കില്‍ വെച്ച കൂടിയ മലയാളി കൂട്ടായ്മയില്‍ സി.ഒ. തോമസ്, ഡോ. എ.പി. ജോണ്‍, ഡോ. ഫ്രെഡി ഡാനിയേല്‍, ഡോ. ശരത് ചന്ദ്രന്‍, സി. ജോയി, ഹിറ്റ്‌ലര്‍ ഡേവിഡ്, പി.എസ്. ജോസഫ്, ജോയി ഉമ്മന്‍, ടോം ജോര്‍ജ്, ജോയ് അലക്‌സാണ്ടര്‍, സി.വി. സാമുവേല്‍, സാലി ജോണ്‍, ശാന്ത ജോയി, ആന്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു അസോസിയേഷന്‍ രൂപീകരിക്കണം എന്ന ആശയം ഉയര്‍ന്നു വരികയും ആ വര്‍ഷം തന്നെ വിപുലമായ ഓണാഘോഷം നടത്തുകയുമാണ് ഉണ്ടായത്. കേരളവുമായി വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ വളരെ പരിമിതമായിരുന്ന ഒരു കാലഘട്ടങ്ങളില്‍ മെല്‍ബണില്‍ കുടിയേറിയ മലയാളികള്‍ക്ക് ആഘോഷങ്ങളില്‍ ഒത്തു കൂടാനും സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെക്കാനുമുള്ള ഒരു വേദി ആയിരുന്നു മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയ. 1980 കാലഘട്ടത്തില്‍ കടല്‍ പാലം, അര നാഴിക നേരം, ഇരുട്ടിന്റെ ആത്മാവ്, വിലയ്ക്ക് വാങ്ങിയ വീണ എന്നീ സിനിമകള്‍ കേരളത്തില്‍ നിന്ന് കൊണ്ടുവരികയും മെല്‍ബണില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

2016 ല്‍ മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയ നാല്‍പ്പതാം വാര്‍ഷികവും 2016 ഓണാഘോഷവും വളരെ വിപുലമായ പരിപാടികളോടെ നടത്തുകയാണ്. മെല്‍ബണിലുള്ള എല്ലാ മലയാളികളെയും നാല്‍പ്പതാം വാര്‍ഷിക ആഘോഷങ്ങളിലേക്ക് ക്ഷണിക്കുന്നു.

പരിപാടികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എംഎവി വെബ്‌സൈറ്റ് ആയ www.mavautsralia.com.au ഫേസ്ബുക്ക് പേജ് facebook.com/malayaleevictoria എന്നിവിടങ്ങളില്‍ ലഭ്യമാണ്.

രാവിലെ പത്തു മണിക്ക് വടം വലി മത്സരം, പൂക്കളിടല്‍. പന്ത്രണ്ട് മണി മുതല്‍ വിഭവ സമൃദ്ധമായ ഓണ സദ്യ. രണ്ടു മണി മുതല്‍ നാല്‍പ്പതാം വാര്‍ഷിക ആഘോഷങ്ങളും ഓണാഘോഷ പരിപാടികളും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക തോമസ് വാതപ്പളളി (0412 126 009), സജി മുണ്ടക്കന്‍ (0435 901 661), സുനിത സൂസന്‍ (0422 710 415).

No comments yet... Be the first to leave a reply!